
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍വച്ച് ആരില്‍നിന്നും ഭീഷണി ഉണ്ടായിട്ടില്ലെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശന രജിസ്റ്ററും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ഐ.ജി സ്വപ്‌നയുടെ മൊഴിയെടുത്തത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയോ, അവരെ അറിയാമോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സ്വപ്‌ന മറുപടി പറഞ്ഞതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് സ്വപ്ന പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പിന്നെന്തിനാണ് അത്തരമൊരു ആക്ഷേപം ഉന്നയിച്ചതെന്ന ചോദ്യത്തിനു കൃത്യമായ മറുപടി അവര്‍ പറഞ്ഞില്ല. പകരം അഭിഭാഷകന്‍ ചില കടലാസുകള്‍ നല്‍കി എന്നാണ് പറഞ്ഞത്. കോടതിയില്‍ സ്വപ്ന പറഞ്ഞതിനു നേര്‍ വിപരീതമാണ് നിലവിലെ മൊഴി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയില്‍, പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജയിലില്‍വച്ച് ഭീഷണിപ്പെടുത്തിയെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സ്വപ്ന കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സ്വപ്‌നയ്ക്ക് ജയിലിലുള്ള സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ജയില്‍ ഡി.ജി.പി അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സ്വപ്‌ന അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കിയ മൊഴി ഇപ്പോള്‍ എന്തുകൊണ്ട് മാറ്റിപ്പറഞ്ഞു എന്ന കാര്യത്തില്‍ വ്യക്തതയില്ല.