Breaking News

പാലാരിവട്ടം പാലം: മന്ത്രി റബ്ബര്‍ സ്റ്റാമ്പാണോയെന്ന് ഇബ്രാഹിംകുഞ്ഞിനോട് കോടതി

കൊച്ചി: മന്ത്രി റബ്ബര്‍ സ്റ്റാമ്പാണോയെന്ന് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോട് കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും അവരുടെ വാക്കുകേട്ട് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ മന്ത്രി റബ്ബര്‍ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.
തന്റെ ഭാഗം ന്യായീകരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് നിയമസഭാ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളെയും കൂട്ടുപിടിച്ചു. നിയസഭാ സ്പീക്കര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇബ്രാഹിംകുഞ്ഞ് സ്വയം പ്രതിരോധിച്ചത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ 13 കോടി രൂപ അഡ്വാന്‍സ് നല്‍കിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍, പി.ഡബ്ല്യു.ഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മേല്‍പാലം നിര്‍മാണ കരാര്‍ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡറിനു മുന്‍പുതന്നെ തീരുമാനിച്ചിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2013ല്‍ മസ്‌കറ്റ് ഹോട്ടലില്‍ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *