

തിരുവനന്തപുരം: ദേശീയതലത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസിന്റെ നടപടി ജെ.ഡി.എസ് കേരള ഘടകത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ബി.ജെ.പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെ.ഡി.എസിന് സി.പി.എം താക്കീത് നല്‍കിയതോടെ സി.പി.എം-ജെ.ഡി.എസ് ബന്ധം ഉലയുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശം ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ സി.പി.എം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ജെ.ഡി.എസ് ഒരിക്കലും ബി.ജെ.പിയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ് വ്യക്തമാക്കി.

അതേസമയം, എന്‍.ഡി.എ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേല്‍ അടിച്ചേല്‍പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടുവെന്നും ദേവഗൗഡ അറിയിച്ചു. തനിക്ക് പ്രധാനം കര്‍ണാടകത്തില്‍ ജെ.ഡി.എസ്സിനെ രക്ഷിക്കുക എന്നതാണെന്ന് ദേവഗൗഡ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസ്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2006 ല്‍ ജെഡിഎസ്-ബിജെപി സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു. അന്ന് കേരളത്തിലെ സംസ്ഥാനഘടകം സ്വതന്ത്രമായി തീരുമാനമെടുത്താണ് നിന്നതെന്നും ദേവഗൗഡ പറഞ്ഞു.

ബി.ജെ.പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന നിലപാടില്‍ സി.പി.എം ഉറച്ചുനിന്നാല്‍ അത് ജെ.ഡി.എസിന് പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തില്‍ സി.പി.എമ്മുമായുള്ള സഖ്യത്തിന്റെ പേരില്‍ ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനം പാര്‍ട്ടി പിന്‍വലിക്കാന്‍ സാധ്യതയില്ല. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ബി.ജെ.പി ബന്ധം പാടില്ലെന്ന നിലപാട് സി.പി.എം മയപ്പെടുത്തിയില്ലെങ്കില്‍ ജെ.ഡി.എസിന് മുന്നിലുള്ള ഏക വഴി കോണ്‍ഗ്രസുമായി കൂട്ടുകൂടുക എന്നതാണ്.

എന്നാല്‍, ഇടതുപക്ഷ മുന്നണിയിലുള്ള ജെ.ഡി.എസിന് ദേശീയതലത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം രാഷ്ട്രീയ ആയുധമാക്കി മാറ്റിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കേരളം ഭരിക്കുന്നത് എന്‍.ഡി.എ-ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എം ജെ.ഡി.എസിന് താക്കീത് നല്‍കിയത്. അതുകൊണ്ടുതന്നെ ജെ.ഡി.എസിനെ യു.ഡി.എഫ് സഖ്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് തിരിച്ചടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കത്തില്‍ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ ത്രിശങ്കുവിലാണെന്നു തന്നെ പറയേണ്ടിവരും.
