Breaking News

വീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി മയക്കിയ ശേഷം വീട്ടുജോലിക്കാരിയുടെ ആസൂത്രണത്തിൽ വൻ കവർച്ച : സംഭവം വർക്കലയിൽ

വർക്കല ∙ ഭക്ഷണത്തിൽ ഏതോ വിഷ വസ്തു കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും മയക്കിയശേഷം നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരിയും നാലംഗ സംഘവും വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നു. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനക് ഷാ (42), രാംകുമാർ(48) എന്നിവർ സമീപ പ്രദേശങ്ങളിൽ നിന്ന് അറസ്റ്റിലായി . വീട്ടുജോലിക്കാരി സോകില ഉൾപ്പെടെ മൂന്നു പേർക്കായി വ്യാപക തിരച്ചിൽ തുടരുന്നു. ലഹരിമരുന്ന് നൽകി അവശരാക്കിയശേഷം നേപ്പാൾ സ്വദേശികളെ വീട്ടുജോലിക്കാരി വിളിച്ചു വരുത്തിയ ശേഷമായിരുന്നു കവർച്ചയെന്ന് പൊലീസ് പറഞ്ഞു. ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ദീപ.ആർ .ചന്ദ്രൻ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് ആറ്റിങ്ങൽ സ്വദേശിനി സിന്ധു(40) എന്നിവരെ മയക്കിയശേഷമാണ് നേപ്പാൾ സംഘം പണവും സ്വർണവും കവർന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരും അപകടനില തരണംചെയ്തു.

ചൊവ്വ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രാത്രി കഴിച്ച ചപ്പാത്തിയിലും കറിയിലുമാണ് ലഹരിമരുന്ന് കലർത്തിയതെ ന്നാണ് നിഗമനം. വീട്ടുകാരെല്ലാം ഉറക്കമായെന്നു ഉറപ്പാക്കിയ ശേഷം സോകില നാലംഗ സംഘത്തെ വീട്ടിലേക്കു വരുത്തി. ഉള്ളിൽ കടന്ന നേപ്പാൾ സംഘം വീട്ടിലെ മുറികളെല്ലാം പരിശോധിച്ചു. ഒരു ബാഗിൽ സ്വർണവും പണവും നിറച്ചു രക്ഷപ്പെടാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനിടെ, ശ്രീദേവിയമ്മയുടെ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ രാജീവ്, വീട്ടിലേക്കു നിരന്തരം ഫോൺ ചെയ്തെങ്കിലും ഭാര്യ ദീപ ഉൾപ്പെടെ ആരും എടുത്തില്ല. തുടർന്ന് ഏതാനും മീറ്റർ അകലെ താമസിക്കുന്ന ഇവരുടെ ബന്ധുവിനെ രാജീവ് ഫോണിൽ വിളിച്ചു. ഇവരും ദീപ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.

തുടർന്ന് ബന്ധുക്കൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തി. പരിശോധനയിൽ മുൻ ഗേറ്റും വീടിന്റെ അടുക്കള വാതിലും തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലാക്കിയതോടെ സമീപവാസികളെ വിളിച്ചുകൂട്ടി. പരിസരവാസികൾ വീടിനുള്ളിൽ കയറിയപ്പോൾ ശ്രീദേവിയമ്മ, ദീപ, സിന്ധു എന്നിവർ മയക്കത്തിലായിരുന്നു. കൂടുതൽ പേർ സ്ഥലത്ത് എത്തി. ഈ സമയം ജനക് ഷാ വീടിന്റെ പിന്നിലെ മതിൽ ചാടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിടികൂടാൻ നാട്ടുകാർ പിന്നാലെ ഓടി. ഉയരമുള്ള മതിലിൽ നിന്നു ചാടുന്നതിനിടെ കമ്പിയിൽ കാൽ കുരുങ്ങി ഇയാളുടെ കാലൊടിഞ്ഞു. അയിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗും പരിസരത്ത് നിന്നു കണ്ടെടുത്തു. സ്ഥലത്ത് നിന്നു രക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെയോടെ പരിസരത്ത് നിന്നു തന്നെയാണ് നാട്ടുകാർ പിടികൂടിയത്. ദീപയുടെ ആരോഗ്യനില ഇന്നലെ ഉച്ചയോടെയാണ് സാധാരണ നിലയിലായത്. എത്ര സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നില്ല. ഭക്ഷണത്തിൽ ഏതു വസ്തുവാണ് കലർത്തിയതെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു . ഫോറൻസിക് വിഭാഗവും , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു .കസ്റ്റഡിയിലെടുത്ത രണ്ടു പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *