ജയകൃഷ്ണ ലക്ഷ്മി 1998-ല്‍ പുറത്തിറങ്ങിയ മലയാളം കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയാണ് 'ദി ട്രൂത്ത്'. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നേതാവിന്റെ കൊലപാതവും അതേക്കുറിച്ചുള്ള അന്വേഷണവുമൊക്കെയായി മമ്മൂട്ടി നായകനായി കേരളത്തിലെ തീയറ്ററുകള്‍ നിറഞ്ഞോടിയ ചിത്രം. അവസാനം കൊലപാതകിയെ കണ്ടെത്തുമ്പോള്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രമാണ്. ചിത്രത്തിന്റെ ആദ്യാവസാനം നായക കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെ അവസാന നിമിഷം വില്ലനാക്കിയതിലൂടെ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന വിശേഷണം പൂര്‍ണ്ണമായ തോതില്‍ അന്വര്‍ത്ഥമായ ചിത്രമാണ് 'ദി ട്രൂത്ത്'. ഇനി വിഷയത്തിലേക്ക് വരാം. വര്‍ത്തമാനകാല കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണക്കടത്ത് കേസും അത്തരമൊരു സസ്‌പെന്‍സ് ത്രില്ലര്‍ ആകുമോയെന്ന സംശയത്തിലേക്കാണ് പുറത്തുവരുന്ന വിവരങ്ങള്‍ കേരള ജനതയെ നയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായര്‍, കെ.ടി.റമീസ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ തുടങ്ങിയവരിലൂടെ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു ഉന്നതനിലേക്കാണ്. ആ ഉന്നതന്റെ പേര് പുറത്ത് വന്നാല്‍ കേരള ജനത ഞെട്ടുമെന്ന് പറഞ്ഞതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ മനസ്സില്‍ സസ്‌പെന്‍സിന്റെ വിത്ത് വിതറിക്കഴിഞ്ഞു. ഉന്നതനെ മുഖ്യമന്ത്രിക്ക് അറിയാമെന്നും ഉന്നതന്റെ പേര് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിത്, സ്വപ്‌ന സുരേഷ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുള്ളത്. റിവേഴ്‌സ് ഹവാലയെന്ന് വിശേഷിപ്പിക്കുന്ന ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് 'ഉന്നതന്‍' രംഗപ്രവേശം ചെയ്തിട്ടുള്ളത്. ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തിയതില്‍ പങ്കുണ്ടെന്നാണ് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ഇത് സ്ഥിരീകരിക്കുന്ന മൊഴിയാണ് സ്വപ്‌ന സുരേഷും നല്‍കിയിട്ടുള്ളത്. മാത്രമല്ല, നേതാവുമായി തനിക്കുള്ള ബന്ധത്തിന്റെ വിശദവിവരങ്ങളും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാവ് എത്ര തുകയാണ് കൈമാറിയത്, പകരം ഡോളര്‍ നല്‍കിയ സ്ഥലം തുടങ്ങിയ കാതലായ വിവരങ്ങള്‍ സരിത്തും തന്റെ പങ്കിനെക്കുറിച്ച് സ്വപ്‌നയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാര്‍ജയില്‍ വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി തുടങ്ങാനാണ് ഉന്നതന് ഡോളറാക്കി പണം നല്‍കിയതെന്നാണ് സ്വപ്‌ന നല്‍കിയിട്ടുള്ള മൊഴി. ബംഗളുരുവില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുന്ന മലയാളി തന്റെ യു.എ.ഇയിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഉന്നതന് വേണ്ട സഹായവും ചെയ്തിട്ടുണ്ട്. ഇക്കാര്യവും സ്വപ്‌ന തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്നതനുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമൊക്കെയുള്ള സ്വപ്‌നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. കാരണം പരിശോധനയില്ലാതെ വിമാനത്തില്‍ എത്താവുന്ന വി.ഐ.പി പരിരക്ഷ വരെ ഉന്നത ദേഹത്തിന് വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്രേ. അത് ദുരുപയോഗം ചെയ്യപ്പെട്ടതായും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. പതിവുപോലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ വിഷയത്തിലും അന്വേഷണം നടത്തും. ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്. നേതാവിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും ഇ.ഡി ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാല്‍ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇനി അറിയേണ്ടത് ആ ഉന്നത ദേഹം ആര് എന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുകയും പേര് പുറത്തുവന്നാല്‍ കേരള ജനത ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് പോലും പറയുകയും ചെയ്യുമ്പോള്‍ അത് നേരത്തെ പറഞ്ഞ സിനിമയിലേതുപോലെ സദ്ഗുണ സമ്പന്നനായി പരിലസിക്കുന്ന രാഷ്ട്രീയ നേതാവാകാനാണ് സ്വാഭാവിക സാധ്യത. അല്ലെങ്കില്‍ പിന്നെ ഒരു പേര് കേള്‍ക്കുമ്പോള്‍ത്തന്നെ കേരളമൊന്നാകെ ഞെട്ടിത്തെറിക്കേണ്ട കാര്യമില്ലല്ലോ. ഏതായാലും എല്ലാറ്റിനും മൂകസാക്ഷിയായ ഒരു ജനതയും കാത്തിരിക്കുകയാണ്, സസ്‌പെന്‍സിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന 'ദി ട്രൂത്ത്' അറിയാന്‍.