

ആറ്റിങ്ങല്‍: സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. തട്ടത്തുമല സ്വദേശിയായ ശിശുപാല(51)നെയാണ് കോടതി ശിക്ഷിച്ചത്. ആറ്റിങ്ങല്‍ അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജ് സി.ആര്.ബിജുകുമാറാണ് വിധി പറഞ്ഞത്. കൂടെ ജോലി ചെയ്തു വന്നിരുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയ ശേഷം ചതിച്ചു വഞ്ചിച്ചും ലൈംഗിക അതിക്രമത്തിനും, ക്രൂരമായ ശാരീരിക പീഡനത്തിനും വിധേയയാക്കുകയായിരുന്നു പ്രതി.


2015 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ആദ്യ വിവാഹബന്ധം ഏര്‍പ്പെടുത്തിയ ശേഷം കശുവണ്ടി ഫാക്ടറിയില്‍ ജോലി നോക്കി വരവേയാണ് പ്രതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് പ്രതി അതിജീവതയെ വിവാഹ വാഗ്ദാനം നല്കി എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് പ്രതി ക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ക്കും ലൈംഗിക അതിക്രമണത്തിനും വിധേയയാക്കിയത്. താമസിച്ചിരുന്ന ലോഡ്ജിലെ റൂം ബോയിയുടെ സഹായത്തോടെ അതിജീവിത ആശുപത്രിയില്‍ ചികിത്സ തേടുകയും, വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതിജീവിതയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.


അതിജീവിതയെ ബലമായി മദ്യം നല്കിയ ശേഷം എതിര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റത്തിന് 10 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശരീരത്ത് മാരകമായ പരിക്കേല്പ്പിക്കുന്ന വിധത്തില്‍ മാനഭംഗപ്പെടുത്തി എന്ന് കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടക്കാത്ത സാഹചര്യത്തില്‍ 4 മാസം വീതം കഠിനതടവും,വധശ്രമത്തിന് 10 വര്‍ഷം കഠിഞ്ഞതടവും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കഠിനതടവും, വിവാഹ വാഗ്ദാനം നല്കി അതിജീവിതയെ ചതിച്ച് കൂട്ടിക്കൊണ്ടുപോയതിന് 6 മാസം തടവും 25,000 രൂപ പിഴ ശിക്ഷയും, പിഴ അടക്കാത്ത സാഹചര്യത്തില്‍ ഒരു മാസം അധികതടവും കോടതി ശിക്ഷ വിധിച്ചു. പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ ആയതില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം എന്ന നിലയ്ക്ക് അതിജീവിതയ്ക്ക് നല്‍കണമെന്ന് കോടതി ഉത്തരവുണ്ട്.


കൂടാതെ, അതിജീവിതയുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് സാധ്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിലേക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി ഉത്തരവിലൂടെ ശുപാര്‍ശ നല്‍കിയിട്ടുമുണ്ട്. പ്രതിവിചാരണ തടവുകാരനായി ജയിലില്‍ കിടന്നിരുന്ന കാലത്തെ ശിക്ഷ ഇളവിന് അര്‍ഹതയുണ്ടെന്നും, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. കിളിമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. ഷാജി അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് 17 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.മുഹസിന് ഹാജരായി.