Breaking News

കര്‍ക്കിടക വാവ്: ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി വര്‍ക്കല നഗരസഭ

വര്‍ക്കല: കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി വര്‍ക്കല നഗരസഭ. പതിനാരയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്ന വര്‍ക്കലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും നടത്തിയതായി വര്‍ക്കല നഗരസഭ അറിയിച്ചു. വര്‍ക്കലയിലെ 5 സ്ഥലങ്ങളില്‍ ഹരിതകര്‍മ്മസേന, എന്‍.സി.സി, എസ്.പി.സി എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍സോണ്‍ സ്ഥാപിച്ചു. ശുചിത്വ ജോലികളില്‍ ഏര്‍പ്പെടുന്ന വോളന്റിയേഴ്‌സിന് മികച്ച പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധിയിടങ്ങളില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി ക്ഷേത്രക്കുളത്തിന് സമീപം 30 ബയോ ടോയ്‌ലറ്റ് സംവിധാനം തയാറാക്കിയിട്ടുണ്ട്. വാവ് ദിവസം 24 മണിക്കൂറും ശുചീകരണം, അണുനശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ശുചിത്വ സ്‌ക്വാഡുകള്‍ ഇതിനോടകം രണ്ട് തവണ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭാ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നഗരസഭാ ജീവനക്കാരെ ചുമതലപ്പെടുത്തി.

വര്‍ക്കല മൈതാനം മുതല്‍ പാപനാശം വരെയും ഹെലിപാഡ് മേഖലകളിലെയും സമീപപ്രദേശങ്ങളിലെയും മെയിന്‍ റോഡുകള്‍ക്കിരുവശവും വൃത്തിയാക്കിയതായും നഗരസഭ അറിയിച്ചു. പാപനാശത്തുകൂടി ഒഴുകുന്ന തോട് വൃത്തിയാക്കി അണുനശീകരണവും നടത്തി. നഗരസഭയിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്‌പ്രേയിംഗ്, ഫോഗിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലീസുമായി സഹകരിച്ച് 12 പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *