Breaking News

ഗുരുദേവ ജയന്തി: ശിവഗിരിയില്‍ വിപുലമായ ആഘോഷം; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി ആഘോഷം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി ആഘോഷം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ജയന്തിയുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷ പരിപാടികളാണ് ശിവഗിരിയില്‍ സംഘടിപ്പിച്ചത്. പുലര്‍ച്ചെ 4.30 ന് ശാന്തിഹവനം, വിശേഷാല്‍ പൂജ, വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ജപയജ്ഞം എന്നിവയോടെയാണ് ജയന്തി ആഘോഷം സമാരംഭിച്ചത്.

ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധര്‍മ്മ പതാക ഉയര്‍ത്തുന്നു

7.10 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധര്‍മ്മ പതാക ഉയര്‍ത്തി. തുടര്‍ന്ന് 9.30 ന് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളന പരിപാടികള്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ജയന്തി സന്ദേശം സച്ചിദാനന്ദ സ്വാമികള്‍ വായിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂര്‍ പ്രകാശ് എം.പി., അഡ്വ.വി.ജോയി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി.ബാബുരാജിന് നല്‍കി ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്തു. ധര്‍മ്മസംഘം ട്രഷറര്‍, സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാഖി, ജി.ഡി.പി.എസ് രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 27 ന് കായിക്കര ഏറത്ത് ക്ഷേത്രത്തില്‍നിന്നും അലങ്കരിച്ച രഥത്തിന്റെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയുമാണ് മഹാസമാധിയില്‍ എത്തിച്ചേര്‍ന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *