Breaking News

സഹപാഠികളെകൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം: മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെയാണ് പോലീസ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്.

അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ സഹപാഠികള്‍ തല്ലിയെന്നാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ കടുപ്പത്തില്‍ വീണ്ടും വീണ്ടും അടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

സ്‌കൂളില്‍ മറ്റൊരാവശ്യത്തിന് എത്തിയ തന്റെ ബന്ധുവാണ് ദൃശ്യങ്ങളെടുത്തതെന്നും കുട്ടി പറഞ്ഞു. പരാതിക്കാരനായ കുട്ടിയുടെ അച്ഛന്റെയും മൊഴിയെടുത്തിരുന്നു. വര്‍ഗീയ അധിക്ഷേപം നടത്തി അധ്യാപിക സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് അവകാശവാദം.

എന്നാല്‍ ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും, ജാമ്യം കിട്ടാവുന്ന ദുര്‍ബല വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കുട്ടിയുടെ രക്ഷിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ശിക്ഷിക്കുകയായിരുന്നുവെന്നാണ് അധ്യാപിക പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ജനരോഷം ഭയന്ന് അധ്യാപിക വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *