Breaking News

ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം തീപിടിച്ച് പൂർണമായും നശിച്ചു; ഒരു കോടിയോളം രൂപയുടെ നഷ്ടം

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സമീപത്തെ “കൂൾമേറ്റ് ഗ്രാഫിക്സ്” എന്ന സ്ഥാപനം പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 4.40 ഓടെയായിരുന്നു സംഭവം.

കടയ്ക്ക് മുന്നിലൂടെ നടന്നുപോയ വഴിയാത്രക്കാരന് ഷട്ടറിന് സമീപമെത്തിയപ്പോൾ അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം തോന്നി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

സ്ഥാപനത്തിനുള്ളിലെ ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ്, ബോർഡ് മേക്കിങ് മെഷീനുകൾ, യു.പി.എസ്, കമ്പ്യൂട്ടറുകൾ, സ്റ്റിക്കർ കട്ടിങ് മെഷീൻ, ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റുകൾ, ഇൻവെർട്ടർ സംവിധാനം എന്നിവ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിനും ചൂടേറ്റ് നാശനഷ്ടമുണ്ടായി.

അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടർന്ന് സമീപത്തെ മറ്റ് കടകളിലേക്കും സമീപവാസികളുടെ വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും സാധനങ്ങളും ഉൾപ്പെടെ ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമ അറിയിച്ചു. പൂവമ്പാറ എൽ.എം.എസ് ജംഗ്ഷനിലെ വി.എസ് വില്ലയിൽ ശിവൻകുട്ടിയാണ് സ്ഥാപന ഉടമ.

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. എൽ.എം.എസ് ജംഗ്ഷനിൽ താമസിക്കുന്ന സണ്ണി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

തീപിടിത്തത്തിന്റെ കൂടുതൽ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *