
അഞ്ചുതെങ്ങ്: സര്‍ക്കാര്‍ ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ഡയറിക്കുറിപ്പ്. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ അഞ്ചുതെങ്ങ് കായിക്കര വി.പി നിവാസില്‍ ആനി(48)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആനിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഭവത്തെ കുറിച്ച് ആനിയുടെ മക്കളും മറ്റ് ബന്ധുക്കളും ആരോപിക്കുന്നത്. ആനിയുടെ ഡയറയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ആനിയെ ഓഫീസില്‍ ഒറ്റപ്പെടുത്തുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചവരുടെ പേരുകളും മറ്റും ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഈ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ വിജില, വത്സല, സ്നേഹ, പ്രശാന്ത് എന്നിവരുടെ പേരുകളാണ് ഡയറിക്കുറിപ്പിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ സി.എ തസ്തികയിലുള്ള വത്സല കഴിഞ്ഞ ദിവസം ആനിയുടെ കരണത്തടിച്ചതായി ആനി പറഞ്ഞിട്ടുണ്ടെന്നും ആനിയുടെ സഹോദരന്റെ ഭാര്യ പ്രവീണ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആനി വീട്ടില്‍ പാചകംപോലും ചെയ്യാനാവാത്തവിധം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കാരണം, അന്വേഷിച്ചപ്പോള്‍ ഓഫീസിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്റെ ജോലി തെറിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും ആനി പറഞ്ഞു-പ്രവീണ വിശദീകരിച്ചു. ഇതിനിടെ ഒരു ദിവസം ഓഫീസില്‍ കാണാതായ കമ്മല്‍ നോക്കിയിട്ട് ലഭിക്കാതിരുന്നതിന്റെ പേരില്‍ വത്സല ആനിയുടെ കരണത്തടിച്ചതായും ആനി പറഞ്ഞുവെന്ന് പ്രവീണ വെളിപ്പെടുത്തുന്നു.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് അമ്മ ആത്മഹത്യ ചെയ്തതെന്ന് മകന് വിഷ്ണു പറഞ്ഞു. ഓഫീസിലെ മേലുദ്യോഗസ്ഥരായ നാലുപേരുടെ മാനസിക പീഡനമാണ് ആനിയുടെ മരണത്തിന് കാരണമായതെന്ന് സഹോദരന് ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആനിയുടെ മരണത്തിന് കാരണമായതെന്നും അക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് ആനിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു പറഞ്ഞു.
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ആനിയുടെ വീട് സന്ദര്‍ശിച്ചു. ആനിയുടെ മരണത്തിന് പിന്നില്‍ ഓഫീസിലെ മേലുദ്യോഗസ്ഥരാണെന്ന ആരോപണത്തില്‍ ഗൗരവതരവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തതായും ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു.
വീട്ടിലെ കിടപ്പുമറിയുടെ ജനലിലാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളായ വിഷ്ണുവും പാര്‍വതിയുമാണ് ശനിയാഴ്ച രാവിലെ 6 മണിയോടെ ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.