
പാലക്കാട്: കേരളത്തിന്റെ നൊമ്പരമായി മാറിയ ആ അമ്മ തല മുണ്ഡനം ചെയ്തു. വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. ജനുവരി 26 മുതല്‍ ആ അമ്മ നീതി തേടി പാലക്കാട് വഴിയോരത്ത് സത്യാഗ്രഹ സമരം നടത്തി വരികയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. ഇവര്‍ക്കു പിന്തുണയുമായി സാഹിത്യകാരി ബിന്ദു കമലന്‍, സെലീന പ്രക്കാനം എന്നിവരും തല മുണ്ഡനം ചെയ്തു.
ഇനി കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തിലാണു പ്രതിഷേധം. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.