
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴിയില്‍ സൂചിപ്പിക്കുന്ന ഉന്നതനെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് ആരോപിച്ച ചെന്നിത്തല അതാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്ന് നയതന്ത്ര ചാനല്‍വഴി വിദേശത്തേക്ക് കള്ളപ്പണം കടത്തിയതില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് പോലും കള്ളപ്പണം കടത്തിയതില്‍ പങ്കുണ്ടെന്നും ഉന്നതന്റെ പേര് പുറത്തുവന്നാല്‍ ജനം ബോധംകെട്ടുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി വിജയരാഘവന് സംഘപരിവാറിന്റെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. നാണക്കേട് കാരണം മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. ശിവശങ്കറും സ്വപ്‌നയും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ തിരിച്ചും അവരെ സംരക്ഷിക്കുന്നു. ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് അതുകൊണ്ടാണ്-ചെന്നിത്തല വ്യക്തമാക്കി.