
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സ്റ്റേയില്ലെന്നും പറഞ്ഞ സുപ്രീംകോടതി പക്ഷേ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്നും പറഞ്ഞു. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശിലാസ്ഥാപനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഈ വിഷയത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ അതിവേഗം നടപ്പിലാക്കുന്നതില്‍ കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
പദ്ധതിക്ക് സ്റ്റേ അനുവദിച്ചില്ലായെന്ന് കരുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പാടില്ലെന്ന് കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. കടലാസുപണികളുമായി മുന്നോട്ട് പോകാമെന്നും എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ, മരം വെട്ടുകയോ, നിലവിലുള്ള നിര്‍മ്മിതികള്‍ പൊളിക്കുകയോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 971 കോടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരം ചെലവുകളെ അനുകൂലിക്കാന്‍ സാധിക്കില്ലെന്നാണ് എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ നിലപാട്.
2022ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പുതിയ മന്ദിരത്തിന് 64,000 ചതുരശ്ര കി.മീ വിസ്തൃതിയാണുള്ളത്. 888 ലോക്‌സഭാ അംഗങ്ങള്‍ക്കും 384 രാജ്യസഭാ അംഗങ്ങള്‍ക്കുമാണ് ഇരിപ്പിടം തയാറാക്കുക. ഭാവിയില്‍ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളില്‍ ഉണ്ടാകാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്താണിത്.
വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പുതിയ മന്ദിരത്തില്‍ സംവിധാനമുണ്ടാകും. ലൈബ്രറി, വിവിധ സമിതികള്‍ക്കുള്ള മുറികള്‍ എന്നിവയും ക്രമീകരിക്കും. 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്.