Breaking News

വര്‍ക്കലയില്‍ കഞ്ചാവ് വേട്ട: 3 പേര്‍ അറസ്റ്റില്‍; എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

വര്‍ക്കല: വര്‍ക്കലയില്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി വന്ന 3 പേരെ എക്‌സൈസ് സംഘം പിടികൂടി. ചെമ്മരുതി ചാവടിമുക്ക് ആര്‍.എസ്.ഭവനില്‍ ശിവരാജന്റെ മകന്‍ രാജേന്ദ്രന്‍(67), അയിരൂര്‍ ജനതാമുക്ക് സ്റ്റെഫി നിവാസില്‍ കുട്ടപ്പന്റെ മകന്‍ സതീശ്(43), ചെമ്മരുതി വണ്ടിപ്പുര ജനതാമുക്ക് അനിവിലാസത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അനി(47) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പൂനെ-കന്യാകുമാരി ട്രെയിനിലാണ് രാജേന്ദ്രന്‍ കഞ്ചാവുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

രാജേന്ദ്രനില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തിയതായിരുന്നു കൂട്ടാളിയായ സതീശ്. രണ്ട് പേരെയും കഞ്ചാവ് കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ഉള്‍പ്പെടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്രന്‍, സതീശ് എന്നീ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘത്തിലെ മൂന്നാമനായ അനിയെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരന്‍. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡും, വര്‍ക്കല റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂവര്‍ സംഘം പിടിയിലായത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍.മുകേഷ്‌കുമാര്‍, കെ.വി.വിനോദ്, എസ്.മധുസൂദനന്‍ നായര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)ഡി.എസ്. മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, മുഹമ്മദ് അലി, സുബിന്‍, രജിത്ത്, അരുണ്‍കുമാര്‍.എം.എം, ബസന്ത് കുമാര്‍, രജിത്.ആര്‍.നായര്‍ എക്സൈസ് ഡ്രൈവര്‍ രാജീവ്, വര്‍ക്കല റെയിഞ്ച് ഇന്‍സ്പെക്ടര്‍ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് വര്‍ക്കല എക്‌സൈസ് ഓഫീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *