Breaking News

നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

അമിറുള്‍ ഇസ്ലാം (ഫയല്‍ ചിത്രം)

കൊച്ചി: സംസ്ഥാനത്തുടനീളം ചര്‍ച്ചയായ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഉത്തരവിട്ടത്. വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്.

നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും കോടതി വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത് ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ പ്രതികരിച്ചു. സൗമ്യ വധക്കേസില്‍ ആളൂര്‍ വക്കീലാണ് ഗോവിന്ദച്ചാമിക്കായി ഹാജരായത്. എന്റെ മകളുടെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇത്രയും കാലവും മോള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. അവള്‍ക്ക് നീതി കിട്ടാനായിരുന്നു പ്രാര്‍ത്ഥന. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.

കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. കേസില്‍ ഡി.എന്‍.എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡി.എന്‍.എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *