Breaking News

18 വര്‍ഷം മുമ്പ് നടന്ന കൂട്ടബലാത്സംഗം; പ്രതികള്‍ക്ക് 40 വര്‍ഷം തടവ് ശിക്ഷ വിധിച്ച് വര്‍ക്കല കോടതി

വര്‍ക്കല: 18 വര്‍ഷം മുമ്പ് നടന്ന കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് 40 വര്‍ഷം തടവ് ശിക്ഷ വിധിച്ച് വര്‍ക്കല കോടതി. വെട്ടൂര്‍ നെടുങ്കണ്ട ഒന്നാം പാലത്തിന് സമീപം കടപ്പുറം തൊണ്ടലില്‍ വീട്ടില്‍ സലാഹുദ്ദീന്റെ മകന്‍ ഷാജഹാന്‍(45), വെട്ടൂര്‍ നെടുങ്കണ്ട ഒന്നാം പാലത്തിനു സമീപം കടപ്പുറത്ത് കൂട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാമിന്റെ മകന്‍ പൊടി എന്ന് വിളിക്കുന്ന നൗഷാദ്(46), വക്കം കായിക്കര കോവില്‍ത്തോട്ടം തൈക്കൂട്ടത്തില്‍ വീട്ടില്‍ പവിത്രന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ എന്ന് വിളിക്കുന്ന ഉണ്ണി(36), വക്കം നെടുങ്കണ്ട ഊരാല്‍ താഴെ ക്ഷേത്രത്തിനു സമീപം ഊരാന്‍ താഴെവീട്ടില്‍ സദാനന്ദന്റെ മകന്‍ ജ്യോതി(50), കീഴാറ്റിങ്ങല്‍ പെരുംകുളം ലക്ഷംവീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ റഹീം(53) എന്നിവരെയാണ് വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

ഇതില്‍ മൂന്നാം പ്രതിയായ ഉണ്ണി വിചാരണയ്ക്കിടെ മരണപ്പെട്ടു. അഞ്ചാം പ്രതിയായിരുന്ന വെട്ടൂര്‍ നെടുങ്കണ്ട ഒന്നാം പാലത്തിനു സമീപം കുന്നില്‍ വീട്ടില്‍ ഉബൈദിന്റെ മകന്‍ ഷിജു(42)വിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടു. ജഡ്ജി എസ്.ആര്‍.സിനിയാണ് 40 വര്‍ഷവും 6 മാസവും തടവും 2.35 ലക്ഷം രൂപ വീതം പിഴയും ഈടാക്കി വിധി പ്രസ്താവിച്ചത്. ഐ.പി.സി 143 പ്രകാരം ആറ് മാസം തടവും 10000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവും, ഐ.പി.സി 147 പ്രകാരം ഒരു വര്‍ഷം തടവും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും, ഐ.പി.സി 450 പ്രകാരം 7 വര്‍ഷം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും, ഐ.പി.സി 366 പ്രകാരം 7 വര്‍ഷം തടവും 50,000 പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും, ഐ.പി.സി 376 പ്രകാരം 25 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവുമാണ് ശിക്ഷ.

പിഴത്തുകയില്‍ നിന്നും 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശിയായ യുവതിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 2006 സെപ്റ്റംബര്‍ 29 ന് രാത്രി ഒന്‍പത് മണിയോടെ പ്രതിയെ യുവതിയുടെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അതിക്രമിച്ചു കയറുകയും യുവതിയെ വാള്‍ കാട്ടി ഭിഷണിപ്പെടുത്തി കടപ്പുറത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. 17 സാക്ഷികള്‍, 26 രേഖകള്‍, 15 തോണ്ടി മുതലുകള്‍ എന്നിവ പോലീസ് കോടതിയില്‍ ഹാജരാക്കി. 2010 ലാണ് പൊലീസ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസക്യൂട്ടര്‍ അഡ്വ.പി.ഹേമചന്ദ്രന്‍ നായര്‍, അഡ്വ.ജി.എസ്.ശാലിനി, അഡ്വ.എസ്.ഷിബു, അഡ്വ.എ.ഇക്ബാല്‍ എന്നിവര്‍ പ്രോസക്യൂഷന് വേണ്ടി ഹാജരായി. പ്രോസക്യൂഷന്‍ ലൈസണ്‍ ഓഫീസര്‍ പ്രിയ.ജി.വിയും ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *