
ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 15 വരെയാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളം, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഡല്‍ഹിയിലേക്കു യാത്ര നടത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.