
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്നും പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നും എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നേരത്തെ, എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസ് ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന് വൈകിയെങ്കിലും ബുദ്ധിയുദിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചു. തീരുമാനം സ്വാഗതാര്‍ഹമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബി.ജെ.പി പറഞ്ഞു.
നിരപരാധികളായ ആളുകള്‍ക്കെതിരായി എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായിയെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.