
ചേര്‍പ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം വിതറി കോണ്‍ഗ്രസ് യുവനേതാവ് ചാണ്ടി ഉമ്മന്‍ ചേര്‍പ്പിലെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിതല ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ചാണ്ടി ഉമ്മന്‍ ചേര്പ്പിലെത്തിയത്. പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരില്‍കണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍പ്പിലെ ഓരോ പ്രദേശത്തിന്റെയും, മണ്ഡലത്തിന്റെ മൊത്തത്തിലുള്ളതുമായ കണക്കുകളും പ്രവര്‍ത്തനങ്ങളും ചാണ്ടി ഉമ്മന്‍ വിലയിരുത്തി. ചേര്‍പ്പിലെ മഹാത്മാ മൈതാനത്തെ ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണത്തിനു തുടക്കം കുറിച്ചത്.
തുടര്‍ന്ന്, ഗാന്ധി സ്മൃതി ചിത്രവും സന്ദര്‍ശിച്ചു. ചേര്‍പ്പിലെ ഓരോ നേതാക്കളെയും നേരില്‍കണ്ട് അദ്ദേഹം കാര്യങ്ങള്‍ വിലയിരുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.കെ.സുധീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ ആന്റണി, കെ.ആര്.സിദ്ധാര്ത്ഥന്, പ്രദീപ് വലിയങ്ങോട്ട് തുടങ്ങിയവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.
വോട്ടര്‍ പട്ടിയില്‍ നിന്നും കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ അവസാന നിമിഷം വെട്ടിമാറ്റുന്ന തന്ത്രം പലപ്പോഴും സി.പി.എം പ്രയോഗിക്കാറുണ്ട്. ഇക്കുറി ഇത് ഉണ്ടാകില്ലെന്നു ഉറപ്പിക്കുന്നതിനായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധവച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആളുകളെ കണ്ടെത്തുന്നതിനും, ഇവരെ കൃത്യമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്കി.
കൂടാതെ ഓരോ വോട്ടറുടെ പേരും പട്ടികയിലുണ്ട് എന്നു ഉറപ്പിക്കുന്നതിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍പ്പിലും വല്ലച്ചിറയിലുമായി അറുന്നൂറോളം വീടുകളിലാണ് ചാണ്ടി ഉമ്മന്‍ സന്ദര്‍ശനം നടത്തിയത്. സാധാരണക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് ഇവിടങ്ങളില്‍ ലഭിച്ചത്.