

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വാര്‍ത്തകള്‍ നല്‍കിയെന്നതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്താക്കല്‍ നൊട്ടീസ് നല്കിയ ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വനേസ ഡഗ്നായുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കാല് നൂറ്റാണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയാണ് വനേസ. ഇന്ത്യക്കെതിരെ വാര്‍ത്തകള്‍ നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാരണം ചോദിക്കുകയോ തനിക്ക് പറയാനുള്ളത് കേള്‍ക്കാനോ തയാറായില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ തുടരാനാവശ്യമായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടേണ്ടി വരുന്നത്. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ വെളിപ്പെടുത്തുന്നു.


ഇന്ത്യയെക്കുറിച്ച് പക്ഷപാതപരമായ ധാരണ സൃഷ്ടിക്കുന്ന ക്ഷുദ്രകരവും വിമര്‍ശനാത്മകവുമായ പത്രപ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം വനേസ ഡഗ്നാക്കിന് നല്കിയ നോട്ടീസില്‍ പറയുന്നത്. ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളായ ലാ ക്രോയിക്സ്, ലെ പോയിന്റ്, സ്വിസ് പത്രമായ ലെ ടെംപ്സ്, ബെല്‍ജിയന്‍ ദിനപത്രമായ ലെ സോയര്‍ എന്നിവയുടെ സൗത്ത് ഏഷ്യ ലേഖികയാണ് വനേസ. കണ്ണീരോടെ എന്ന വാക്കോടെയാണ് അവരുടെ യാത്രപറയല്‍ കുറിപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന സൈനിക പരേഡില്‍ വിശിഷ്ടാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തുന്നതിന് ഒരാഴ്ച മുമ്പാണ് വനേസയ്ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയത്. സന്ദര്‍ശനത്തിന് മുമ്പും സന്ദര്‍ശന വേളയിലും ഡഗ്നാക്കിന്റെ കാര്യം ഫ്രാന്‍സ് നേരിട്ട് ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മാക്രോണിന്റെ സന്ദര്‍ശന വേളയില്‍ നടന്ന ചര്‍ച്ച മാധ്യമ പ്രവര്‍ത്തകരോട് സമ്മതിക്കുകയും ചെയ്തു.


ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തനിക്ക് നല്കിയ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന നിയമ നടപടികളുടെ ഫലത്തിനായി കാത്തിരിക്കാനാവില്ലെന്ന് വനേസ വ്യക്തമാക്കി. തനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തിന്റെ താത്പര്യങ്ങളെന്ന പേരില്‍ മുന്‍വിധികള്‍ അന്യായമായി തനിക്കുമേല്‍ ആരോപിക്കയാണെന്നും അവര്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് തന്നെ വനേസ ഡഗ്നാക്കിനെ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. കഴിഞ്ഞ മാസം ഇവിടെ താമസിക്കുന്നതിനുള്ള കാര്‍ഡ് പുതുക്കാതിരിക്കാന് തീരുമാനിച്ചതില്‍ കാരണം ചോദിച്ച് അറിയിപ്പും നല്കി.

ആദിവാസികള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്കിയ പത്രപ്രവര്‍ത്തകയാണ് വനേസ. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിലുള്ള കൊലപാതകങ്ങളും അവരുടെ വാര്‍ത്തകള്‍ക്ക് വിഷയമായി. ഡല്‍ഹി തന്റെ പ്രിയപ്പെട്ട നഗരമായിരുന്നുവെന്നും ഡല്‍ഹിയോട് വിടപറയുന്നത് സങ്കടകരമാണെന്നും അവര്‍ പറഞ്ഞു. ഒരു ദിവസം എനിക്ക് ഇന്ത്യയിലേക്ക് തന്നെ വരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ കാരണം തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു തൊഴില്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും വനേസ വ്യക്തമാക്കി.