

വര്‍ക്കല: വര്‍ക്കല റെയില്‍വേ കാന്റീനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി പരവന്‍വിളാകം വീട്ടില്‍ ആന്റണിയുടെ മകന്‍ മാത്യു(36) ആണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശികളായ അറുപത് വയസുകാരിയായ ഉഷ, മിനി, സുനിത, സുധ, സ്‌നേഹലത, അശ്വതി, മരണി, സോമലത എന്നിവരില്‍ നിന്നാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. പല തവണകളായി ഇവരില്‍നിന്ന് 24,000 രൂപയോളം ഇയാള്‍ തട്ടിയെടുത്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.



മേയ് 5 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് പ്രതി പരാതിക്കാരില്‍നിന്ന് പണം തട്ടിയെടുത്തത്. മേയ് 16ന് ജോലിക്ക് കയറാന്‍ തയാറായി വരാന്‍ മാത്യു പരാതിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഉച്ചയ്ക്ക് മൂന്ന് മണിയോടെ എട്ട് പേരും റെയില്‍വേ സ്റ്റേഷനിലെ കാന്റീനിന് മുന്നിലെത്തി കാത്തുനിന്നു. എന്നാല്‍ മാത്യു എത്തിയില്ല. തുടര്‍ന്ന് ഇവര്‍ മാത്യുവിനെ ഫോണില്‍ വിളിച്ചുവെങ്കിലും ഉടന്‍ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്. വൈകിട്ട് ആറ് മണിയായിട്ടും മാത്യു എത്താത്തതിനെ തുടര്‍ന്ന് വീണ്ടും വിളിച്ചുവെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാതിരിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ഉഷയും സംഘവും മനസിലാക്കിയത്.



തുടര്‍ന്ന് ഇവര്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പിറ്റേന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പലരില്‍നിന്നും പ്രതി ഇത്തരത്തില്‍ പണം വാങ്ങി പറ്റിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതെന്ന് തട്ടിപ്പിനിരയായ ഉഷ പറഞ്ഞു.


