
തിരുവനന്തപുരം: നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധിയാണെന്നത് പണ ലഭ്യതയെ കുറിച്ച് ആശങ്കയുണര്‍ത്തുന്നു. നാളെ രണ്ടാം ശനി, ഞായര്‍ അവധിയും തിങ്കളും ചൊവ്വയും ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ്. നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.
എന്നാല്‍, അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബാങ്ക് ശാഖകളില്‍നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളില്‍ പണംനിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകാനിടയില്ല. ബാങ്കുകളോട് ചേര്‍ന്നുള്ള ഓണ്‍ സൈറ്റ് എ.ടി.എമ്മുകളില്‍ ഇപ്പോള്‍ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പണം നിക്ഷേപിക്കാന്‍ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ജീവനക്കാരുടെ സംഘടനകളെല്ലാംതന്നെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.