
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശബരിമല വിഷയത്തിലെ ഖേദപ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം. കടകംപള്ളിയുടെ ഖേദപ്രകടനം അനവസരത്തിലാണെന്നാണ് സി.പി.എം നേതാക്കളുടെ നിരീക്ഷണം. കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല വിഷയം പൂര്‍വാധികം ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്.
കോണ്‍ഗ്രസ് ശബരിമല വിഷയം തെരഞ്ഞെടുപ്പിന് ആയുധമാക്കിയെങ്കിലും പിന്നീട് അതിന്റെ മൂര്‍ച്ച കുറഞ്ഞിരുന്നു. എന്നാല്‍, കടകംപള്ളിയുടെ ഖേദപ്രകടനത്തോടെ ശബരിമല വിഷയം വീണ്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തല്‍.
ശബരിമല വിഷയത്തില്‍ മൗനം പാലിച്ച ആ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാവാതെ നോക്കുക എന്നതായിരുന്നു പാര്‍ട്ടി തന്ത്രം. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചപ്പോഴും സി.പി.എം മൗനം അവലംബിക്കുകയായിരുന്നു.
വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോണ്‍ഗ്രസ് കയറിക്കളിച്ചപ്പോഴാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തും സമവായത്തിലൂടെയും ആയിരിക്കുമെന്നും പറഞ്ഞാണ് സി.പി.എം കോണ്‍ഗ്രസിനെ പ്രതിരോധിച്ചത്.
ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന ഏറ്റുപറച്ചില്‍ പാര്‍ട്ടി നിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്. കടകംപള്ളിയുടെ പരാമര്‍ശം സംബന്ധിച്ച് കൂടുതല്‍ പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.
ശബരിമല ‘സെറ്റില്‍’ ചെയ്ത വിഷയമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പ്രതികരിച്ചത്. കടകംപള്ളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും പറഞ്ഞു.