

കൊച്ചി: കേരള മുന്‍ ഫുട്‌ബോള്‍ താരം ടി.കെ.ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45 ന് കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറേക്കാലമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ അദ്ദേഹം മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിഹാസ അധ്യായമാണ് ടി.കെ.ചാത്തുണ്ണിയെന്ന കാല്‍പന്തു കളിക്കാരന്‍.



ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടുകാരപോലും അറിയാതെ ഫുട്‌ബോള്‍ ടീമില്‍ ചേരാന്‍ പോവുകയും പിന്നീട് കേരളത്തിന്റെയും ഇന്ത്യയുടെയും ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്ത ചരിത്രമാണ് ടി.കെ.ചാത്തുണ്ണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു.



എഫ്.സി കൊച്ചിന്‍, ഡെംപോ എസ്.സി, സാല്‍ഗോക്കര്‍ എഫ്.സി, മോഹന്‍ ബഗാന്‍ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്.സി തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കൊപ്പം കേരള പൊലീസ് ഫുട്‌ബോള്‍ ടീമിനെയും അ്‌ദ്ദേഹം പരിശീലിപ്പിച്ചു. ഇന്ന് 12 മുതല്‍ 1 മണി വരെ ചാലക്കുടി നഗരസഭയില്‍ അദേഹത്തിന്റെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് മൃതദേഹം ചാലക്കുടിയിലെ വീട്ടിലെത്തിക്കും. ടി കെ ചാത്തുണ്ണിയുടെ സംസ്‌കാരം നാളെ 10ന് വടൂക്കര ശ്മശാനത്തില്‍ നടക്കും.


