Breaking News

എല്‍.ഡി.എഫില്‍ തുടരും; പക്ഷേ, അതൃപ്തരാണെന്ന് ആര്‍.ജെ.ഡി

കോഴിക്കോട്: ഇടതുമുന്നണയില്‍ ന്യായമായ പരിഗണന ലഭിക്കാത്തതില്‍ അതൃപ്തരാണെന്ന് ആര്‍.ജെ.ഡി നേതാവ് എം.വി.ശ്രേയാംസ് കുമാര്‍. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് തങ്ങള്‍ അതൃപ്തരാണെന്ന് ശ്രേയാംസ് കുമാര്‍ തുറന്നടിച്ചത്. എന്നാല്‍, ആര്‍.ജെ.ഡി ഇടത് സ്വഭാവം പിന്തുടരുന്ന പാര്‍ട്ടിയാണെന്നും എല്‍.ഡി.എഫില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റ് കാര്യത്തില്‍ ചര്‍ച്ച പോലും ഉണ്ടായില്ലെന്നും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സി.പി.എം മാന്യത കാട്ടണമായിരുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു, എന്നാല്‍ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബി.ജെ.പിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ആര്‍.ജെ.ഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണ്. ജെഡിഎസിന് നല്‍കുന്ന പരിഗണന പോലും മുന്നണിയില്‍ തങ്ങള്‍ക്ക് നല്‍കുന്നില്ല. ഒരു തരത്തിലും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍.ജെ.ഡി. പ്രവര്‍ത്തകര്‍ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവില്‍ അജണ്ടയിലില്ല-ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

എല്‍.ഡി.എഫില്‍ പരിഗണന കിട്ടുന്നില്ലെന്ന് പറഞ്ഞാല്‍ യു.ഡി.എഫില്‍ പരിഗണന കിട്ടിയെന്ന് അര്‍ത്ഥമില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. എല്‍.ഡി.എഫില്‍ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാല്‍ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യു.ഡി.എഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങള്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ് രാജ്യസഭാ സീറ്റ് വിഷയത്തില്‍ മുന്നണിക്കകത്ത് അതൃപ്തി പുകയുന്നത് സി.പി.എമ്മിന് തലവേദനയാവുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *