

വര്‍ക്കല: വര്‍ക്കല അയിരൂര്‍ കളത്തറയില്‍ ലീനാമണി കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവ് ശേഖരണം നടത്തി. രാവിലെ 10 മണിയോടെയാണ് ഫോറന്‍സിക് വിദഗ്ധര്‍ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനായി എത്തിയത്. അയിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടന്നത്.

അതേസമയം, കേസിലെ പ്രതികളായ ഷാജി, അഹദ്, മുഹ്‌സിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതി റഹീന അയിരൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഒളിവില്‍ കഴിയുന്ന പ്രതി അഹദിന്റെ ഭാര്യയാണ് റഹീന. റഹീനയും ലീനാമണിയെ മര്‍ദിച്ചുവെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് റഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ലീനാമണി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ലീനാമണിയെ ഗുരുതരമായ പരിക്കുകളോടെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതോടെയാണ് സ്വത്തിന്റെ പേരില്‍ ലീനാമണിക്ക് ഭര്‍തൃസഹോദരന്മാരില്‍നിന്ന് ഉപദ്രവം ഉണ്ടായിത്തുടങ്ങിയത്.

കേസിലെ പ്രതി അഹദും കുടുംബവും അടുത്തിടെ ലീനാമണി താമസിക്കുന്ന സിയാദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസും നിലനിന്നിരുന്നു. വര്‍ക്കല കോടതി ലീനാമണിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുമായി അയിരൂര്‍ പോലീസ് ലീനാമണിയുടെ വീട്ടിലെത്തിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കോടതിയില്‍നിന്നുള്ള ഉത്തരവ് പ്രകാരം പോലീസ് ലീനാമണിയുടെ വീട്ടില്‍ എത്തിയതിന്റെ പിറ്റേ ദിവസമാണ് ലീനാമണി കൊല്ലപ്പെട്ടത്.