Breaking News

അദാനിക്കെതിരെ പുതിയ കണ്ടെത്തലുകളുമായി വിദേശ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി

ഗൗതം അദാനി

ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിദേശ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് അദാനിക്കെതിരെ പുതിയ കണ്ടെത്തലുകളുമായി രംഗത്തുവന്നത്. ഈ വര്‍ഷം ആദ്യം അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട അതേ ഏജന്‍സിയാണ് ഇപ്പോള്‍ വീണ്ടും അദാനിക്കെതിരെ പുതിയ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.

സ്വന്തം കമ്പനികളില്‍ അദാനി തന്നെ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് കണ്ടെത്തിയിട്ടുള്ളത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

ഇത്തരത്തില്‍ നിക്ഷേപം നടന്നത് 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡി.ആര്‍.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന സ്ഥാപനത്തിന്റെ ലക്ഷ്യം എന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആരോപണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *