
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 7 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സിപിഎം നേതാക്കളായ അന്‍വര്‍, നിധിന്‍, ഗൗലത്ത് എന്നിവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇതില്‍ വിഷ്ണു പ്രസാദിനെതിരെ അയാള്‍ മാത്രം പ്രതിയായ കേസും നിലവിലുണ്ട്. ആ കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. കേസെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ഗൂഢാലോചന, പണംതട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.