
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധ സമരം. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പി.എസ്.സി. പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, റാങ്ക് പട്ടികയിലുള്ളവര്‍ക്ക് എത്രയുംവേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 26 മുതല്‍ സമരം ചെയ്തുവരുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
അതിനിടെയാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പി.എസ്.സി. പട്ടികയിലെ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ പോലീസ് ഇടപെട്ട് ഇവരെ സമരവേദിയില്‍നിന്ന് മാറ്റി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ത്ഥികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. സമരത്തിനിടെ പല ഉദ്യോഗാര്‍ത്ഥികളും വിങ്ങിക്കരയുന്ന കാഴ്ചയും സമരവേദിയില്‍ കാണാമായിരുന്നു. തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.