

ആലുവ: ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസ്ഫാക് ആലം തന്നെയെന്ന് പോലീസിന്റെ സ്ഥിരീകരണം. പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്.പി പറഞ്ഞു. കുറ്റകൃത്യത്തില്‍ അസ്ഫാക് ആലത്തിന് സഹായികള്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി അസ്ഫാക് ആലം കുട്ടിയെ സക്കീര്‍ എന്നയാളിന് കൈമാറി എന്നുപറഞ്ഞത് അന്വേഷണം വഴി തെറ്റിക്കാനാണെന്നും എസ്.പി പറഞ്ഞു.

പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങിപ്പോയി. വന്‍ സന്നാഹങ്ങള്‍ ഉണ്ടായിട്ടും രോഷാകുലരായ ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ തടഞ്ഞതോടെയാണ് പോലീസ് പ്രതിയുമായി തിരിച്ചുപോയത്. പ്രതി അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇന്നലെ രാത്രി തന്നെ അസ്ഫാകിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ലഹരിയുടെ സ്വാധീനത്തില്‍ ആയിരുന്നതിനാല്‍ പ്രതിയില്‍നിന്നും കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ല. പ്രതി ലഹരിയുടെ സ്വാധീനത്തില്‍നിന്ന് മോചിതനായ ശേഷമാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.

ഇന്നലെ വൈകിട്ടാണ് ആലുവയില്‍നിന്ന് ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളായ അഞ്ച് വയസുകാരിയെ കാണാതായത്. തായിക്കാട്ടുകര യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ കുട്ടിക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസും നാട്ടുകാരും. ലഹരിയുടെ മയക്കം വിട്ട പ്രതി അഫ്‌സാക് കുട്ടിയെ സക്കീര്‍ എന്നയാളിന് കൈമാറിയെന്ന് പറഞ്ഞതോടെ സക്കീറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. അതിനിടെയാണ് ആലുവ മാര്‍ക്കറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ആറു വയസുള്ള കുഞ്ഞിന്റെ കൈപിടിച്ച് ഒരാള്‍ ആലുവ മാര്‍ക്കറ്റിന്റെ പുറകിലേക്ക് പോകുന്നത് കണ്ട ചുമട്ടുതൊഴിലാളി താജുദ്ദീന്‍ കുട്ടിക്കൊപ്പം കണ്ടത് അഫ്‌സാക് ആലത്തെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. അഫ്‌സാക് കുട്ടിയുമായി പോകുന്നത് കണ്ട് സംശയം തോന്നിയെന്നും കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റെ കുട്ടിയാണെന്ന് അഫ്‌സാക് പറഞ്ഞതായും കുട്ടിയുടെ കയ്യില്‍ മിഠായി ഉണ്ടായിരുന്നതായും താജുദ്ദീന്‍ വ്യക്തമാക്കി. അഫ്‌സാക്കിനെ കൂടാതെ രണ്ടു മൂന്നുപേര്‍ കൂടി ആ സമയം മാര്‍ക്കറ്റിന്റെ പിന്നിലേക്ക് പോയെന്നും എന്നാല്‍ അവരെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നും താജുദ്ദീന്‍ പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെയാണ് താജുദ്ദീന്‍ ഈ വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ സി.സി.ടി.വി പരിശോധനയില്‍ അഫ്‌സാക് കുട്ടിയെ കൈപിടിച്ച് കൊണ്ടുപോകുന്നത് കണ്ടെങ്കിലും തിരിച്ച് കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടില്ല. പിന്നാലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.