

ആറ്റിങ്ങല്‍: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. ചെമ്പകമംഗലത്താണ് ദേശീയപാത 66-ല്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ ആര്‍.എന്‍.എ 890 നമ്പര്‍ ബസാണ് പൂര്‍ണമായും കത്തി നശിച്ചത്. രാവിലെ 8.15 ന് ആറ്റിങ്ങില്‍ ഡിപ്പോയില്‍ നിന്നും തിരുവനന്തപുരം സിവില്‍ സ്റ്റേഷനിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

ബസ് ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ബ്രേക്ക് ഡൗണ്‍ ആയിരുന്നു. ഡ്രൈവര്‍ ബസില്‍നിന്ന് പുറത്തിറങ്ങി പരിശോധിച്ച ശേഷം യാത്രക്കാരെ പുറത്തിറക്കി മറ്റൊരു ബസില്‍ കയറ്റിവിട്ടു. തുടര്‍ന്ന് ജീവനക്കാരും സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് റോഡിന്റെ നടുക്ക് കിടക്കുകയായിരുന്ന ബസ് തള്ളി ഒതുക്കിയിട്ടു. അപ്പോഴാണ് ബസിനടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം നാട്ടുകാര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തിയത്. ആ സമയം ജീവനക്കാര്‍ അവരുടെ ബാഗുകളും മറ്റും ബസില്‍നിന്നും എടുത്ത് മാറ്റി. തൊട്ടുപിന്നാലെ കനത്ത പുകയുയര്‍ന്ന ബസ്സില്‍ നിന്നും തീ ആളിക്കത്തുകയായിരുന്നു.

ആറ്റിങ്ങലില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പൂര്‍ണ്ണമായി അണയ്ക്കുമ്പോഴേക്കും ബസിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധരുടെ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ബസിന് തീപിടിക്കാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് കോ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോ അറിയിച്ചു.

