

ആറ്റിങ്ങല്‍: തീരപ്രദേശമായ അഞ്ചുതെങ്ങില്‍ ഒരു മാസത്തേക്ക് കുടിവെള്ള വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുമെന്ന വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. ആറ്റിങ്ങല്‍ വലിയകുന്നില്‍ സ്ഥിതിചെയ്യുന്ന 33.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണിയില്‍നിന്നാണ് അഞ്ചുതെങ്ങ് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്നത്. ഈ കുടിവെള്ള സംഭരണിയുടെ അറ്റകുറ്റപ്പണികളും ഇന്റര്‍ ലിങ്കിങ്ങും നടത്തുന്നതിനാണ് ഇവിടെ നിന്നുള്ള കുടിവെള്ള വിതരണം ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണ്ണമായോ നിര്‍ത്തിവയ്ക്കുന്നതെന്നാണ് ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്.


കുടിവെള്ളം വിതരണം നിര്‍ത്തിവയ്ക്കുമ്പോള്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം അഞ്ചുതെങ്ങ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ്. ഒരുമാസക്കാലത്തേക്ക് പമ്പിങ് നിര്‍ത്തിവച്ചാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാകും.ദൂരപ്രദേശങ്ങളില്‍ പോയി തലച്ചുമടായും വാഹനങ്ങളിലും കുടിവെള്ളം എടുക്കേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് ആണ് അഞ്ചുതെങ്ങ്. തനത് വരുമാനം ഇല്ലാത്തതിനാല്‍ കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗ്രാമപഞ്ചായത്തിന് സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ട് വാട്ടര്‍ അതോറിറ്ററി നേരിട്ട് ഈ സമയങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീണ്‍ചന്ദ്ര ആവശ്യപ്പെട്ടു.


അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വക്കം, കിഴുവിലം പഞ്ചായത്തുകളിലെയും മണമ്പൂര്‍ പഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകളിലെയും അഴൂര്‍ പഞ്ചായത്തിലെ 1, 18 വാര്‍ഡുകളിലെയും ജനങ്ങള്‍ കുടിവെള്ളത്തിനായി വലിയകുന്നിലെ ജലസംഭരണിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനാല്‍ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. ഒരു മാസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോള്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ജനങ്ങളുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ട് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനവും നല്‍കിയിട്ടുണ്ട്.

