Breaking News

മരണത്തിലും ആ മനുഷ്യന്‍ വെളിച്ചമേകുന്നു; ഡ്യൂട്ടിക്കിടെ മരിച്ച ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു

ഫയര്‍മാന്‍ രഞ്ജിത്തിന് ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ ഐ.പി.എസ് അന്തിമോപചാരം അര്‍പ്പിക്കുന്നു

തിരുവനന്തപുരം: ഔദ്യോഗിക ജോലി നിര്‍വ്വഹണത്തിനിടെ മരണപ്പെട്ട ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനംചെയ്തു. തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്റെ മരുന്ന സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. തീയണയ്ക്കാനുള്ള പ്രയത്‌നത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്ന് ശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഏറെ ബുദ്ധിമുട്ടി രഞ്ജിത്തിനെ തീയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീയണയ്ക്കാനായില്ല. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം രഞ്ജിത്തിന്റെ ഭൗതിക ദേഹം തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനിലുള്ള ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. നിറകണ്ണുകളോടെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഭൗതിക ദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചത്. രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ ഒന്നരയോടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *