Breaking News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വ്യാജ പീഡന പരാതികള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെയും അതിന്മേല്‍ അന്വേഷണം നടക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ വ്യാജ പീഡന പരാതികള്‍ ഉയരുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇത്തരം വ്യാജ പരാതികള്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേരായവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിലവിലെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികള്‍ ഉയര്‍ന്നുവരുന്നത് ശരിയല്ല. ആര്‍ക്കും ആര്‍ക്കെതിരെയും പീഡന പരാതി ഉന്നയിക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് സിനിമാ മേഖലയെ മാത്രമല്ല സമൂഹത്തെ മുഴുവനായും ദോഷകരമായി ബാധിക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

പരാതികളുടെ മറവില്‍ ബ്ലാക്ക്‌മെയിലിംഗ് നടത്താനുള്ള അവസരത്തിന് കളമൊരുങ്ങുന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനും പ്രതിച്ഛായ കളങ്കപ്പെടുത്താനുമുള്ള നീക്കങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും ശുപാര്‍ശകളുടെയും ഉദ്ദേശശുദ്ധി പോലും അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍-അസോസിയേഷന്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *