
ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടെ അഭിപ്രായം മാനിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിങ് മന്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
‘ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാന്‍ ഞാന്‍ തയ്യാറാണ്. സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ഞാന്‍ എല്ലായ്‌പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നു’- ഭൂപീന്ദര്‍ മന്‍ പറഞ്ഞു.
സുപ്രീംകോടതി രൂപീകരിച്ച സമതിയില്‍ ഭൂപീന്ദര്‍ മന്‍ ഉള്‍പ്പെടെയുള്ള നാലുപേരും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷകരുടെ ആരോപണം. സമിതിയുമായി സഹകരിക്കില്ലെന്നും സമരംചെയ്യുന്ന കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്‍.
ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ.പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്‍വാത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി, കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് നാലംഗ സമിതിയെ നിയോഗിച്ചത്.