
കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. 2018 മാര്‍ച്ച് 22 മുതലാണ് ജെസ്‌നയെ കാണാതായത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.
ജെസ്നയെ കാണാതായിട്ടു രണ്ടു വര്‍ഷമായെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമണ്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇടയ്ക്ക് ജെസ്നയെ കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ എന്നു തുറന്നു പറയാന്‍ കേസ് അന്വേഷിച്ചിരുന്ന മുന്‍ പത്തനംതിട്ട പൊലീസ് മേധാവി കെ.ജി.സൈമണ്‍ തയാറായിട്ടില്ല. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.