

ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ യുടെയും അഞ്ചുമക്കളിൽ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം.
1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേൽ അവാർഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങൾ: കൃഷ്ണകുമാർ, ജയന്തി, പരേതരായ സുധാകരൻ, സരസിജ.
പൂങ്കുന്നത്തെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 10 വരെയും റീജണൽ തിയേറ്ററിൽ 12 വരെയും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തിൽ നടക്കും .

