Breaking News

വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം: പ്രധാന പ്രതി അറസ്റ്റില്‍

അവിനാശ് റോയി വര്‍മ്മ

ഡല്‍ഹി: സര്‍വകലാശാലകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. അവിനാശ് റോയി വര്‍മ്മ(23) എന്ന യുവാവാണ് അറസ്റ്റിലായത്. നോയിഡയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരള പരീക്ഷ ഭവന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പരീക്ഷ ഭവന്‍ സെക്രട്ടറി ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരം സിറ്റി പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അവിനാശ് അറസ്റ്റിലായത്.
അവിനാശിന്റെ അറസ്റ്റോടെ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരം സൈബര്‍ പോലീസ് പ്രതികള്‍ നിര്‍മ്മിച്ച വിവിധ വ്യാജ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞു കയറി നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് അവിനാശ് അറസ്റ്റിലായത്. പ്രതിയില്‍നിന്നും വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചുവന്ന ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
കേരള പരീക്ഷ ഭവന്‍, കേരള ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ആസ്സാം പരീക്ഷ ബോര്‍ഡ്, മിസ്സോറാം, ആന്ധ്ര, കാശ്മീര്‍ തുടങ്ങി ഇന്ത്യയിലെ നാല്‍പതോളം പരീക്ഷാ ബോര്‍ഡുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് വിവിധ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രതി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
ഇന്‍സ്‌പെക്ടര്‍ സിജു.കെ.എല്‍.നായര്‍, എസ്.ഐ ബിജു രാധാകൃഷ്ണന്‍, പോലീസ് ഓഫീസര്‍മാരായ സമീര്‍ഖാന്‍, വിനീഷ്.വി.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സെന്റ് ജോര്‍ജ് സ്‌കൂളിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തിന് അഡ്മിഷന്‍ നേടിയ ബീഹാര്‍ സ്വദേശിയുള്‍പ്പെടെ മറ്റ് സംഘങ്ങള്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *