
ആലപ്പുഴ: നാട്ടിലെത്തിയ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സംശയം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് ആലപ്പുഴ കൊരട്ടിക്കാട് സ്വദേശിയായ ബിന്ദുവിനെ (32)യാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരു സംഘം ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയത്. വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയാണ് ബിന്ദുവിനെ കൊണ്ടുപോയതെന്നാണ് ഭര്‍ത്താവ് ബിനോയ് പറയുന്നത്.
‘പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പതിനഞ്ചോളം പേര്‍ വന്ന് ഗേറ്റി ചവിട്ടു തുറന്ന് ബെല്ലടിച്ചു. കമ്പിവടിയും വടിവാളുമായാണ് സംഘം എത്തിയത്. പൊലീസിനെ വിളിക്കാന്‍ ഫോണ്‍ എടുക്കുന്നതിനിടെ വാതില്‍ ചവിട്ടി തുറന്നു. ബിന്ദുവിന്റെ കൈകാലുകള്‍ കെട്ടി. വായില്‍ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പൊന്നാനിക്കാരനായ രാജേഷ് എന്നയാളെ മാത്രം തിരിച്ചറിഞ്ഞു. ഇയാള്‍ നേരത്തെ ബിന്ദുവിനെ അന്വേഷിച്ച് വീട്ടില്‍ വന്നിരുന്നു’- ബിനോയ് വിശദമാക്കി.
വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അന്വേഷണം നടക്കുകയാണ്. മലപ്പുറത്തുനിന്നുള്ള ഒരു സംഘമാണ് കൃത്യത്തിനു പിന്നിലെന്നു സൂചനയുണ്ട്. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ആഴ്ചയാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്.