
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം രാഷ്ട്രീയ വിശദീകരണത്തിലൂടെ നേരിടാന്‍ സി.പി.എം തയാറെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സി.പി.എം നീങ്ങുന്നത്.
യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്താനാണ് തീരുമാനം. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പി.എസ്.സി വഴി ജോലി ലഭിച്ചവര്‍ക്കു സ്വീകരണം നല്‍കാനും ആലോചനയുണ്ട്. 28ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
മറ്റുള്ള ജില്ലകളില്‍ പ്രധാനപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. സി.പി.ഒ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, ഈ കാര്യങ്ങള്‍ മറച്ചുവച്ച് നടത്തുന്ന സമരം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നു പാര്‍ട്ടി നേതൃത്വം കരുതുന്നു.
ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കണക്കുകള്‍ ജനങ്ങളോട് വിശദീകരിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അനിശ്ചിതമായി നീട്ടിയാല്‍ ജോലി കാത്തിരിക്കുന്നവരെ അതു ബാധിക്കുമെന്നു യുവാക്കളെ ബോധ്യപ്പെടുത്താനാണ് ശ്രമം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകള്‍ പിഎസ്സി നല്‍കിയതായാണു വാദം. 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും നടത്തിയതായും നേതൃത്വം പറയുന്നു.