
ആലപ്പുഴ: അയല്‍വാസികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന് (48) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന 22കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.