

ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കും കൂട്ടുകക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. പ്ലസ് ടു കോഴക്കേസില്‍ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കി കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീകോടതി കെ.എം.ഷാജിക്കും കൂട്ടുകക്ഷികള്‍ക്കും ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യം. നോട്ടീസിന് മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

അതേസമയം, കെ.എം.ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട ചോദിച്ചു. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണല്ലോ ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കൈക്കൂലി ചോദിച്ചതിന് പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഇല്ലെങ്കിലും പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി.ഹമീദുമാണ് കോടതിയില്‍ ഹാജരായത്.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്.എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരോ, ഭാരവാഹികളോ ആണെന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം.