Breaking News

ന്യൂനമര്‍ദ്ദം തീവ്രന്യൂന മര്‍ദ്ദമാകും: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തിയേറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ്-തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

അതേസമയം, മധ്യപ്രദേശിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴി കൂടാതെ കച്ച് പ്രദേശത്തിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി 27 വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *