Breaking News

അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റണം: പ്രതിഷേധവുമായി സി.പി.ഐ(എം)

ആറ്റിങ്ങല്‍: അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സി.പി.ഐ(എം). ആറ്റിങ്ങല്‍ നഗരസഭ കിളിത്തട്ടുമുക്ക് പ്രധാന റോഡിന് സമീപത്തായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മരം അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ആവിശ്യപ്പെട്ടാണ് സി.പി.ഐ(എം) പ്രതിഷേധം സംഘടിപ്പിച്ചത്. സി.പി.ഐ(എം) ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. പ്രതിഷേധത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി കൂടിയാലോചിച്ച് അടിയന്തരമായി മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കിളിത്തട്ടുമുക്ക് പ്രധാന റോഡിന് സമീപത്തായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ വളര്‍ന്നിറങ്ങി റോഡിന്റെ സുരക്ഷാഭിത്തി തകര്‍ന്ന നിലയിലാണ്. കൂടാതെ മരം സ്ഥിതി ചെയ്യുന്നതിന് ഒരു വശം വളരെ താഴ്ന്ന പ്രദേശമാണ്. വളര്‍ന്ന് പന്തലിച്ച് കിടക്കുന്ന മരം വരാന്‍ ഇരിക്കുന്ന കാലവര്‍ഷത്തില്‍ കടപുഴകി വീണാല്‍ കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈനുകള്‍ കടന്നുപോകുന്ന നിരവധി പോസ്റ്റുകള്‍ക്ക് നാശം സംഭവിക്കും. അവനവഞ്ചേരി ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീഴാന്‍ തുടങ്ങിയത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വാഹനയാത്രകാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി മരം മുറിച്ചു മരണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) രംഗത്തിറങ്ങിയത്.

പ്രതിഷേധക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവനവഞ്ചേരി ഹൈസ്‌കൂളിന് സമീപത്തും വലിയകുന്നിലും അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികള്‍ ഫോറസ്റ്റുമായി കൂടി ആലോചിച്ച ശേഷം തീരുമാനം കൊള്ളാമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. സിപിഐഎം ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രന്‍, അനസ്, നഗരസഭ കൗണ്‍സിലര്‍ രാജഗോപാലന്‍ പോറ്റി, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ഈസ്റ്റ് മേഖല സെക്രട്ടറി അഖില്‍, പ്രസിഡന്റ് അരുണ്‍, കര്‍ഷകസംഘം നേതാവ് കൃഷ്ണദാസ്, എസ്.എഫ്.ഐ നേതാവ് അര്‍ജുന്‍ കല്ലിങ്ങല്‍, അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി കിരണ്‍, സജി കല്ലിങ്ങല്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *