Breaking News

അര്‍ജുന് വേണ്ടി ഇന്നും തെരച്ചില്‍; കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചില്‍ തൃപ്തികരമെന്ന് ബന്ധു

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. ഗംഗാവലി നദിയില്‍ത്തന്നെയാണ് ഇന്നും തെരച്ചില്‍ നടത്തുക. നദിക്കടിയില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗത്ത് അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന. അത്യാധുനിക സ്‌കാനര്‍ ഇന്ന് സംഭവ സ്ഥലത്ത് എത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്.

ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കിലോമീറ്റര്‍ അധികം റേഞ്ച് ഉള്ള ഡ്രോണ്‍ സംവിധാനമാണ്. വിജയകരമായി പരിശോധനകള്‍ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വന്‍സി സ്‌കാനറിനുണ്ട്. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളില്‍ സംതൃപ്തിയുണ്ടെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു.. സന്നദ്ധ പ്രവര്‍ത്തകരെ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും പുഴയിലെ പരിശോധനയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക നാവിക സേന അടക്കമുള്ളവര്‍ക്കാണെന്നും ജിതിന്‍ വ്യക്തമാക്കി.

അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.അന്‍ജാരിയയും ജസ്റ്റിസ് കെ.വി.അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നല്‍കും. നേരത്തേ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *