Breaking News

വർക്കലയിൽ കാറിടിച്ച് വൃദ്ധ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

വർക്കല : അയിരൂരിൽ കാറിടിച്ചു വൃദ്ധ മരിച്ചു. അയിരൂർ പാലത്തിനുസമീപം കലാനിവാസിൽ ശാന്തമ്മ (74) ആണ് മരിച്ചത്. കാർ ഡ്രൈവർ അയിരൂർ തേവണം പണയിൽ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റെനി മോനെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. ഊന്നിൻമൂട് ഭാഗത്തുനിന്ന് ആയിരൂരിലേക്ക് വരികയായിരുന്ന കാർ ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിൽ റെനിമോനെ കൂടാതെ സുഹൃത്തായ അരുണും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച വൈകിട്ട് 6.30 തിനായിരുന്നു സംഭവം.

മകന്റെ വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവെയാണ് ദാരുണമായ സംഭവം നടന്നത്. മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ എന്നും രാവിലെ സ്വന്തം വീട്ടിലേക്ക് വരികയും വൈകിട്ട് മകൻ വന്ന് കൂട്ടിക്കൊണ്ടു പോവുകയും ആണ് പതിവ്. ഇന്നും പതിവുപോലെ തന്നെ വിളിക്കാൻ എത്തിയ മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിൽ നിയന്ത്രണമില്ലാതെ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശരീരമാസകലം വളരെ ഗുരുതരമായ പരിക്കുകളാണ് ശാന്തമ്മയുടെ ദേഹത്ത് ഉണ്ടായിരുന്നത്. ഉടൻതന്നെ വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരം. കാറും ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവ് ചെയ്തിരുന്ന റെനിമോനെതിരെ 304 പ്രകാരം ജാമ്യമില്ലാ വകുപ്പിൽ ക്രൈം നമ്പർ 566/2021 ആയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *