

വർക്കല : വർക്കല റെയിൽവേ സ്റ്റേഷനു മുന്നിൽ ഉള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു മോഷണശ്രമം നടന്നത്. ബർമുഡയും ടീഷർട്ടും ധരിച്ചയാളാണ് ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തിയത്. തോളിൽ ഒരു ബാഗും ഉണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
ആദ്യം മോഷ്ടാവ് ക്ഷേത്രത്തിനു മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ഇളക്കി എടുക്കാനാണ് ശ്രമിച്ചത്. ആ ശ്രമം വിജയിക്കാതെ വന്നതോടെ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഓഫീസായി ഉപയോഗിക്കുന്ന സ്ഥലത്തെത്തി മേശ വലിച്ചു തുറക്കാൻ ശ്രമിച്ചു. എന്നാൽ അതും നടക്കാതെ വന്നതോടെ ഇയാൾ ക്ഷേത്രത്തിന്റെ തിടപ്പള്ളി ( ക്ഷേത്രത്തിന്റെ സാധന സാമഗ്രികൾ സൂക്ഷിക്കുന്ന മുറി) യുടെ വാതിൽ ചവിട്ടി പൊളിക്കുക യായിരുന്നു. തിടപ്പള്ളിയിൽ ഉരുളി, വിളക്കുകൾ, പാത്രങ്ങൾ, കമ്പ്യൂട്ടർ തുടങ്ങി നിരവധി സാധനങ്ങൾഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതൊന്നും കൈക്കലാക്കിയിട്ടില്ല. പണമായിരുന്നു മോഷ്ടാവിന്റ്റെ ലക്ഷ്യം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ ക്ഷേത്രത്തിൽ നിന്നും പണം കൈക്കലാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല.
പണം ലക്ഷ്യമാക്കിയുള്ള മോഷണശ്രമം ആണ് നടന്നതെന്നും മറ്റ് സാധനങ്ങളൊന്നും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടിട്ടില്ല എന്നും കേസന്വേഷിക്കുന്ന വർക്കല പോലീസ് പറഞ്ഞു. ഏകദേശം 30 വയസ്സ് തോന്നിക്കുന്നയാളാണ് മോഷ്ടാവ് എന്നും. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ കുറിച്ച് ലഭിച്ച അടയാളങ്ങൾ പോലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള മോഷ്ട്ടാക്കളുമായി താരതമ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വിശദമാക്കി. ക്ഷേത്രം ഭാരവാഹികളുടെ പരാതി രജിസ്റ്റർ ചെയ്തതായും പോലീസ് കൂട്ടിച്ചേർത്തു.