Breaking News

കര്‍ക്കിടക വാവ്: വര്‍ക്കലയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ തയാറായി

വര്‍ക്കല: കര്‍ക്കിടക വാവ് പ്രമാണിച്ച് ഭക്തജനങ്ങള്‍ക്കുവേണ്ടി വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി എം.എല്‍.എ അഡ്വ.വി.ജോയി. പിതൃതര്‍പ്പണത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് വര്‍ക്കല പാപനാശത്ത് എത്തുന്നത്. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ എല്ലാ ഭക്തജനങ്ങള്‍ക്കും വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി അഡ്വ.വി.ജോയി വ്യക്തമാക്കി. നാളെയും മറ്റന്നാളുമായി ഏകദേശം ആയിരത്തോളം വരുന്ന പോലീസ് സേനയയാണ് ക്രമസമാധാനപാലത്തിനും ഗതാഗത നിയന്ത്രണത്തിനുമൊക്കെയായി നിയോഗിക്കുന്നത്.

വാഹനങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള പാര്‍ക്കിംഗ് യാര്‍ഡുകള്‍ തയാറായിക്കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്, വര്‍ക്കല മുനിസിപ്പാലിറ്റി, വാട്ടര്‍ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ടൂറിസം തുടങ്ങി വിവിധ വകുപ്പുകളും കര്‍ക്കിടക വാവിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഭക്തജനങ്ങളുടെ യാത്രാ സൗകര്യത്തിനായി നൂറിലധികം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തും.

കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി നിലവിലുള്ള ലൈഫ് ഗാര്‍ഡുകള്‍ കൂടാതെ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. അങ്ങനെ പിതൃതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കായി എല്ലാവിധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്-എം.എല്‍.എ വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *