

ആറ്റിങ്ങല്‍: അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റുമെന്ന് ആറ്റിങ്ങല്‍ നഗരസഭ. പൂവമ്പാറ ദേശീയപാതയുടെ ഒരു വശത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന വന്‍ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് നഗരസഭ അധ്യക്ഷ അഡ്വ.എസ്.കുമാരി പറഞ്ഞു. ഇന്ന് രാവിലെ ചെയര്‍പേഴ്‌സണ്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം നാഷണല്‍ ഹൈവേ അതോറിട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഗവ.റെസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള ചെങ്കുത്തായ പ്രദേശത്താണ് മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

ശക്തമായ മഴയില്‍ വൃക്ഷങ്ങളുടെ ചുവട്ടിലെ മണ്ണ് വലിയൊരളവില്‍ ഒലിച്ചു പോയതായി കണ്ടെത്തി. വൃക്ഷങ്ങള്‍ കടപുഴകിയാല്‍ ദേശീയപാതയിലും, സമീപത്തെ വൈദ്യുതി കമ്പിയിലേക്കും വീണ് വലിയൊരപകടം തന്നെ ഉണ്ടാവും. കൂടാതെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനും കേടുപാടുകള്‍ സംഭവിക്കും. ഈ വിഷയത്തെ സംബന്ധിച്ചുള്ള നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നാഷണല്‍ ഹൈവേ അതോറിട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
